-GULMOHAR-

0 എന്റെ പ്രണയത്തിന്‌...












എന്റെ പ്രണയത്തിന്‌...
കത്തിത്തുടങ്ങുന്ന തീയുടെ ജ്വാലകളാണ്‌
നിന്നെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍
എന്നും എനിക്ക്‌ അനുഭവപ്പെടുന്നത്‌.
ചെമന്ന തീ കലര്‍ന്ന ശരത്‌കാലത്തെ ആകാശം.
നിന്നോടുള്ള എന്റെ പ്രണയത്തെ വെളിപ്പെടുത്തിയ
ആ വൈകുന്നേരം. ഓര്‍മയുടെ കണക്കു പുസ്‌തകത്തില്‍
ആ ദിനമെന്നാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല.
ആ ദിവസം പിന്നീടൊരിക്കല്‍ ഓര്‍ത്തുവെക്കേണ്ടിവരുമെന്ന്‌
പിന്നീട്‌ മാത്രമാണ്‌ അറിഞ്ഞത്‌.
മൗനത്തില്‍ ഒളിപ്പിച്ചുവെച്ച ഒരു പ്രതികരണമല്ല
ഞാന്‍ പ്രതീക്ഷിച്ചത്‌. ഉറപ്പുള്ള ഒരുത്തരവുമായി
നീ കോളേജിന്റെ ക്യാംപസ്സിലൂടെ നടന്നൂനീങ്ങുന്നത്‌
ഒരവധൂതനെപ്പോലെ നോക്കിനിന്നത്‌
എനിക്കിന്നും ഓര്‍മയാണെങ്കിലും വ്യക്തമായ ചിത്രമാണ്‌..
നമ്മളെ ഒരിക്കലും അത്രയടുത്ത സുഹൃത്തുക്കളാകാന്‍
നീ സമ്മതിച്ചിട്ടില്ല. ഒരുമിച്ച്‌ പത്തുമിനിട്ടിലധികം
സംസാരിക്കാന്‍ നീ നിന്നുതന്നിട്ടില്ല.
ക്യാംപസ്സിലോ ഓഡിറ്റോറിയത്തിലോ
കൈ ചേര്‍ത്തുപിടിച്ചു നടന്നിട്ടില്ല...
കണ്ണുകളില്‍ ഒടുങ്ങാത്ത പ്രതീക്ഷയും
മുഖത്ത്‌ വേപഥുവുമായി നീ നടന്നകലുന്ന
വഴിയോരത്ത്‌ യാത്രയയക്കാനായി
ഞാന്‍ കാത്തുനിന്നത്‌ നീ കണ്ടുകാണില്ല.
ഒരായിരം കടലാസുനുറുങ്ങുകളില്‍ നമ്മുടേ പേരെഴുതി
ശീതക്കാറ്റില്‍ പറത്തിക്കളിച്ചത്‌ നീയറിഞ്ഞുകാണില്ല.
നിര്‍വ്വചിക്കാനാകാത്ത വികാരത്തോടെ
നിന്റെ മുഖത്തേക്ക്‌ നേക്കിനിന്നതും നിറഞ്ഞുകാണില്ല....
ഓര്‍മയുടെ വേലിയേറ്റത്തിലും വ്യക്തമായി
എനിക്ക്‌ ഓര്‍ത്തെടുക്കാനാകുന്ന ഒന്നുണ്ട്‌.
നിയെന്റെ വാക്കുകള്‍ക്ക്‌ ചെവിയോര്‍ത്ത
ആ ദിനങ്ങള്‍. അന്നു നീ പറഞ്ഞ ഓരോ വാക്കും
ഇന്നും എനിക്ക്‌ ഓര്‍ത്തെടുക്കാനാകും തീര്‍ച്ച.
ഒടുവില്‍, ഞാനറിയാത്ത, ജീവിതത്തില്‍
ഇന്നേവരെ ഞാന്‍ കണ്ടിട്ടുണ്ടാവാനിടയില്ലാത്ത
ഒരാളുടെ വാക്കുകളെ നിമിത്തമാക്കി
നീ എന്നില്‍ നിന്നും ദൂരേക്ക്‌ പറന്നകന്നു,,,
നിര്‍ദ്ദയം....
നഗരം മുഴുവന്‍ കടുത്ത ചൂടില്‍
മയങ്ങിക്കിടക്കുന്ന ആ രാത്രിയുടെ ഓര്‍മ
എന്റെ ഹൃദയത്തില്‍ ഇന്നുമൊരു മുറിവാണ്‌.
നിരാശാഭരിതമായ നിന്റെ വാക്കുകള്‍
ആ രാത്രി മുഴുവന്‍ എന്റെ ചെവികളെ
പൊള്ളിക്കുന്നുണ്ടായിരുന്നു. നിന്റെ കാരണങ്ങളെക്കുറിച്ച്‌,,,,
എനിക്ക്‌ പിഴച്ചതെവിടെയാണെന്ന്‌ കണ്ടുപിടിക്കാന്‍....
ആവതു ശ്രമിച്ച ആ രാത്രി.
ആ ദിവസം ഞാനുറങ്ങിയതേയില്ല,,,
ഏതോ മയക്കത്തിന്റെ അവസാനം
പുലരിയാണെന്നറിഞ്ഞപ്പോള്‍ തോന്നിയ ഒരു തരം ശൂന്യത...
അന്നെനിക്ക്‌ മനസ്സിലായി,,
നീയെനിക്ക്‌ എന്തെല്ലാമോ ആയിരുന്നുവെന്ന്‌,,,,
പിന്നീട്‌ എത്രകാലം കടന്നുപോയെന്നറിയില്ല,,,
ഞാന്‍ ഇപ്പോഴും നിന്നോട്‌ സംസാരിക്കാറുണ്ട്‌.
മൗനത്തിലൂടെ....
നിന്റെ കൂട്ടുകാരികള്‍ക്ക്‌
അന്നു ഞാന്‍ കൊടുത്ത വാക്ക്‌
ഇന്നും ഞാന്‍ പാലിക്കുന്നു.
ഇന്നും എനിക്ക്‌ ഒരു പ്രണയിനിയേയുള്ളൂ...
എന്റെ ഓര്‍മകള്‍ നിന്നെത്തേടിയെത്തുന്ന
ഒരു ദിവസം
തീര്‍ച്ചയായും വരുമെന്നാണ്‌ ഇന്നും എന്റെ വിശ്വാസം.
അന്നു നീ പറയും ഈയുള്ളവനെ
വെറും കയ്യോടെ
പറഞ്ഞയക്കേണ്ടിയിരുന്നില്ലെന്ന്‌....
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter