-GULMOHAR-

1 മുഖവുരയില്ലാതെ ഉരുകുക ....








കുറേയായി നിനക്കെഴുതിയിട്ട്,
കയ്യെഴുത്തിന്റെ കല മറന്നിട്ടല്ല...
മുഖവുരയില്ലാതെ ഞാനോര്‍ക്കുകയായിരുന്നു...
സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരത്തില്‍
നിനക്ക് ഉറക്കമെഴുന്നേല്‍ക്കേണ്ടി വന്നിട്ടില്ല,
സോളമന്റെ കീര്‍ത്തനങ്ങളില്‍
ജീവിക്കണമെന്ന് വാശി പിടിച്ചിട്ടില്ല,
പൂവും പൂമരവും താരാട്ടുപാട്ടും
കിനാവില്‍പ്പോലും നമ്മെ അലോസരപ്പെടുത്തിയിട്ടില്ല,

പൊള്ളുന്ന യാഥാര്‍ഥ്യത്തില്‍ത്തന്നെയായിരുന്നില്ലെ
നമ്മുടെ പ്രണയത്തിന്റെ ആദ്യശ്വാസം?
കലാലയത്തിന്റെ ഇരുണ്ട ചുമരുകള്‍ക്കിടയിലൂടെ
മുദ്രാവാക്യം ആര്‍ത്തുവിളിക്കുമ്പോഴായിരുന്നോ
ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയത്?
അതോ...
എന്റെ നോട്ടുപുസ്തകത്തില്‍
ഷെല്ലിയുടെയും ബര്‍ണാഡ്ഷായുടെയും ചിന്തകള്‍
നിന്റെ കയ്യക്ഷരത്തില്‍ പരിഞ്ഞപ്പോഴോ?

പൊരിയുന്ന വിശപ്പിലും പൊതിച്ചോറഴിക്കാതെ
ഹോസ്റ്റലിനു സമീപത്തെ തെങ്ങിന്‍ചോട്ടില്‍

എന്നെ കാത്തുനിന്നപ്പോഴോ?
അഴിക്കുന്തോറും മുറുകുന്ന
നിന്റെ വീട്ടിലെ നിശ്വാസങ്ങള്‍
കണ്ണുനീര്‍ത്തുള്ളിക്കൊപ്പം എനിക്ക് രാത്രിഭക്ഷണമായപ്പോഴോ?
രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച
വസന്തത്തിലേക്ക് മഴവെള്ളപ്പാച്ചിലില്‍
നിനക്ക് പിടിച്ചുനില്‍ക്കാനാകാത്തപ്പോഴോ?
ഗ്രീഷ്മമായിരുന്നിട്ടുകൂടി ഞാനപ്പോള്‍ ഉരുകുകയായിരുന്നു...
വസന്തം അടുത്ത ഊഴത്തിലെത്തിയിട്ടും
എന്റെ ഉരുകലെന്താണാവോ നിലക്കാത്തത്.......
Stumble Delicious Technorati Twitter Facebook

1 comment:

marumozhikal@gmail.com

Total Pageviews

counter