-GULMOHAR-

2 പ്രണയത്തിന്റെ യഥാര്‍ഥ ഭാഷ...















എല്ലാം വിസ്മരിക്കാന്‍ വേണ്ടിയുള്ള
ശക്തിക്കായാണ് ഇന്ന് എന്റെ പ്രാര്‍ത്ഥന.
അപക്വമായ എന്റെ വങ്കന്‍ സ്വപ്നങ്ങളില്‍
പലപ്പോഴും നിന്നെ ഞാനെന്റെ
യഥാര്‍ഥ ദേവതയായി സങ്കല്‍പ്പിച്ചിട്ടുണ്ട്.
എന്റെ സ്വപ്നം ഒരു വട്ടമെങ്കിലും
നീ യാഥാര്‍ഥ്യമാക്കി. എല്ലാം വിസ്മരിക്കാനുള്ള വരം
തന്ന് നീയെന്നെ ഇന്ന് അനുഗ്രഹിക്കൂ.....
ഏതായാലും എല്ലായിടത്തും
ഞാന്‍ പരാജയപ്പെട്ടുപോയെന്ന് ഞാന്‍ കുമ്പസാരിക്കുന്നു.
ഉന്‍മേഷവാനും മാന്യനുമായ ഒരു യുവാവായിപ്പോലും
നിന്റെ മുന്നില്‍ എനിക്കെന്നെ സ്വയം അവതരിപ്പിക്കാനായില്ല.
നീ ആഗ്രഹിച്ചതൊന്നും
തരാന്‍ എനിക്കായില്ല......
ആത്മാവ് സ്‌നേഹാക്ഷരങ്ങളെ ഗര്‍ഭം ധരിക്കുമ്പോഴാണ്
നാം കത്തെഴുതുന്നതിനെക്കുറിച്ച് ഓര്‍ക്കുന്നത്.
കവിതയും നോവലും എല്ലാം അങ്ങനെതന്നെ.
എന്റെ കവിതയിലെ അവസാന വരിയെഴുതുന്ന
നിര്‍വൃതിയോടെയാണ് ഞാനിതെഴുതുന്നത്.
എങ്കിലും എന്റെ വിരലുകള്‍
അക്ഷരങ്ങള്‍ക്കായി ദാഹിക്കുന്നുണ്ട്.
അതല്ലെങ്കിലും അങ്ങനെതന്നെയാണ്.
പലപ്പോഴും മൗനമാണ് നമുക്കു വേണ്ടി സംസാരിച്ചത്.
നാട്ടിലെ ലൈബ്രറിയില്‍ വെച്ച്
മൗനത്തെ നിര്‍വ്വചിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍
ഞാനെഴുതിയത് ഇങ്ങനെയാണ്.........
ഭാഷയില്ലാത്ത നമ്മുടെ പ്രണയത്തിന്
നീ നല്‍കിയ...
നീ നല്‍കുന്ന
മുഖവുരയാണ് മൗനം...
ഇനി അങ്ങോട്ട് എല്ലാ പ്രഭാതങ്ങളിലും
കോളേജ് ഇടനാഴിയില്‍ നിന്നെ ഞാന്‍
കാത്തുനില്‍ക്കുന്നത് നീ കാണില്ല.
നിന്റെ നാണിച്ചു തുടുത്ത കവിള്‍ത്തടങ്ങളില്‍
കുസൃതിയോടെ പ്രേമഗീതികളെഴുതിയെന്ന്
ഞാന്‍ വിശ്വസിച്ചിരുന്ന തണുത്ത കാറ്റും...
വാലന്റൈന്‍സ് ദിനത്തില്‍ നിനക്കു തരാനായി കൊണ്ടുവന്ന്,
സാഹചര്യം അനുവദിക്കത്തതിനാല്‍
തരാതെപോയ ചുവന്നു തുടുത്ത റോസാപ്പൂവും
അതിന്റെ ഒരിതളില്‍ നിന്നോട്
രഹസ്യങ്ങളോതാന്‍ ശാന്തമായി ഒളിച്ചിരുന്ന
മഞ്ഞുതുള്ളിയും.
നിന്നെയും കാത്ത് ക്യാംപസ്സിലെ
ഗുല്‍മോഹര്‍ മരച്ചുവട്ടില്‍
തൃസന്ധ്യാ ചക്രവാളത്തിലേക്ക് കണ്ണുകള്‍ നട്ടിരുന്നപ്പോള്‍
പൂ വിതറുന്നതുപോലെ എന്നിലേക്കു വന്നുവീണ
മഴയുടെ മുത്തുമണികളും......
എല്ലാം ജീവനോട് കുഴിച്ചുമൂടപ്പെട്ട
ഒരു കഴിഞ്ഞ കാല ചരിത്രത്തിന്റെ
ഭാഗമാകാന്‍ പോകുന്നു.
ഒരു കഥയില്‍ പറയുന്നപോലെ
നിനക്കറിയില്ല
മറവികള്‍ക്കെല്ലാമപ്പുറം
ഞാനും നീയും മാത്രമുള്ള
എന്റെ ഏകാഗ്രമായ മനസ്സില്‍
നിധിപോലെ
നിന്നെഞാന്‍ സൂക്ഷിക്കുന്നതെന്തിനാണെന്ന്...

പുറത്ത് മഴപെയ്യുന്നുണ്ട്
തണുത്ത കാറ്റിന്റെ അകമ്പടിയോടെയുള്ള
വേനല്‍ മഴയല്ല. ഭൂമിക്കുമേല്‍ ആകാശത്തിന്റെ സ്‌നേഹമായ മഴ,
തണുത്ത കാറ്റ് നനുത്ത ഓര്‍മകള്‍ കുടഞ്ഞിടുന്ന മഴ...
പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്റെ മനസ്സിലും
പുതുമഴയായി പെയ്യുന്നു. അത്തരം ഓര്‍മകള്‍ തന്നെയായിരിക്കാം
ഇങ്ങനെ ഒരെഴുത്തെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
ഇന്നുമുതല്‍ വിശാല ലോകത്തില്‍
നിന്നെത്തേടി ഞാന്‍ വരില്ല.
എങ്കിലും എന്റെ ചിന്തയില്‍ നീയുണ്ടായിരിക്കും.
ഞാന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒരുപക്ഷേ നാളെയും...
അങ്ങനെ ഒരുപാട് നാളെകള്‍ പിന്നിട്ടുകൊണ്ട്
ഒടുവില്‍ ഒരു ദിവസം ഞാന്‍ മരിക്കും.
ഞാന്‍ ഏറ്റവുമധികം സ്‌നേഹിച്ച നീയും,
ഞാനലിഞ്ഞുചേര്‍ന്ന മണ്ണില്‍ത്തന്നെ
അലിഞ്ഞു ചേരുമെന്ന വിശ്വാസത്തോടെ...
കഴിഞ്ഞതും പൊഴിഞ്ഞതും
കാലത്തിന്റെ ശവപ്പെട്ടിയില്‍ ഇരുട്ടുമൂടിക്കിടക്കട്ടെ...
ഓര്‍മയുടെ ഭാണ്ഡവുമായി കടന്നുപോകുന്ന
നിമിഷങ്ങളോടും കൊഴിഞ്ഞുതീരുന്ന ദിവസങ്ങളോടുമൊപ്പം
ഞാനും നടന്നു നീങ്ങട്ടെ ..
എവിടേക്കോ...
എന്തിനോ??
ഞാനിനി ഒരിക്കലും
നിന്റെയരികില്‍ വരില്ലെങ്കിലും
എല്ലായിടത്തും നിനക്ക് എന്നെ കാണാനാകും.
സൗഹൃദങ്ങള്‍ പൂക്കുന്ന കോളേജ് വരാന്തയില്‍...
ഇരുളടഞ്ഞ നിന്റെ ക്ലാസ് മുറിയില്‍..
.ക്യാംപസ്സിലെ വയസ്സന്‍ പ്ലാവിനു ചുവട്ടില്‍,,,
എന്റെ പ്രണയം തുറന്നു പറഞ്ഞ പഞ്ചാരമുക്കില്‍...
ബസ് സ്റ്റോപ്പില്‍...
ഓരോ അണുവിനും
എന്നെ പരിചയമുണ്ട്.
എന്നെ വെറും കയ്യോടെ പറഞ്ഞയക്കേണ്ടിയിരുന്നില്ലെന്ന്
ഒരു നാള്‍ നീ കുമ്പസാരിക്കുമെന്നൊന്നും
ഞാന്‍ വിദൂരസ്വപ്നത്തില്‍പ്പോലും പറയില്ല...
പക്ഷെ ഒരു നാള്‍ നീ മനസ്സിലാക്കും...
ഞാന്‍ എന്നെത്തന്നെ മറന്ന് നിന്നെ സ്‌നേഹിച്ച
പ്രണയത്തിന്റെ യഥാര്‍ഥ ഭാഷ...
സ്വയം അണയാന്‍ ശേഷിയില്ലാത്ത
അഗ്നി അത് വന്നിടത്തേക്കുതന്നെ പിന്‍വാങ്ങുന്നു.
എന്നെങ്കിലും നീ മടങ്ങിവരുമെന്ന്
വിദൂര പ്രതീക്ഷയുമായി, പ്രിയപ്പെട്ടവളേ
ഞാന്‍ യാത്ര തുടങ്ങുന്നു

എന്‍ ബി : കടപ്പാട് പി വി രവീന്ദ്രന്‍

Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter